ലക്നോ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനപ്പണം വകമാറ്റി തട്ടിപ്പ് നടത്തിയെന്ന കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ അതിശക്തമായ നടപടിയുണ്ടാകുമെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്. വിഷയത്തെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇതിനകം തന്നെ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടപടികളിലേക്ക് കടന്നിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, ക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസിനെച്ചൊല്ലി സർക്കാരിനെതിരെ രംഗത്തുവന്ന പ്രതിപക്ഷത്തിന് മറ്റ് വിഷയങ്ങളൊന്നും ഇല്ലാത്തതിനാലാണ് ഇതിനെ രാഷ്ട്രീയവൽക്കരിക്കുന്നതെന്ന് ബിജെപി എംപി ദിനേഷ് ശർമ കുറ്റപ്പെടുത്തി. പ്രതിപക്ഷം ഈ വിഷയം ഉന്നയിക്കുന്നതിന് മുൻപ് തന്നെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് സ്വന്തം നിലയിൽ പരാതി നൽകുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും എട്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇതിലും സുതാര്യവും കൃത്യവുമായ മറ്റൊരു നടപടി സർക്കാരിന് സ്വീകരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയോധ്യയിൽ നിന്നുള്ള മുൻ സമാജ്വാദി പാർട്ടി എംഎൽഎ പവൻ പാണ്ഡെ ക്ഷേത്രത്തിൽ നിന്ന് 7 മുതൽ 7.5 കോടി രൂപ വരെ തട്ടിപ്പ് നടത്തിയതായി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ട്രസ്റ്റിന്റെ ആവശ്യപ്രകാരമാണ് ജൂൺ 14-ന് യുപി സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ കേസ് അന്വേഷണത്തിനായി നിയോഗിച്ചത്.